ഭരണചരിത്രം
1953-ല്‍ മാറനല്ലൂര്‍ പഞ്ചായത്ത് രൂപീകൃതമായി. 18.8.1953-ല്‍ മൂലക്കോണം ചര്‍ച്ച് കാമ്പൌണ്ടില്‍ വച്ച് ജി.പരമേശ്വരന്‍ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് എം.നാരായണന്‍ നായരും, വൈസ് പ്രസിഡന്റ് ജോര്‍ജുമായിരുന്നു. 7 വാര്‍ഡുകളിലായി 8 പേരെ തെരഞ്ഞെടുത്തു. ഒരു ദ്വയാംഗവാര്‍ഡും ഉണ്ടായിരുന്നു. ഹരിജന്‍ മെമ്പറെ ദ്വയാംഗവാര്‍ഡില്‍ നിന്നും തെരെഞ്ഞടുത്തു. അക്കാലത്ത് പഞ്ചായത്തിന് ഒരു സ്കൂള്‍ അനുവദിക്കുകയും സ്കൂള്‍ നടത്തുന്നതിന് സാമ്പത്തികമായി കഴിവില്ലാത്ത സാഹചര്യമായതിനാല്‍ പഞ്ചായത്തുകമ്മിറ്റി സ്കൂള്‍ നടത്തുന്നതിന്റെ അവകാശം പ്രസിഡന്റായിരുന്ന എം.നാരായണന്‍ നായര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനമുണ്ടായി. അങ്ങനെ സ്കൂള്‍ ഏറ്റെടുത്ത് നടത്തുകയും ഇന്നത്തെ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്തിന്റെ ആരംഭകാലത്ത് ഇന്നുകാണുന്ന ആയുര്‍വദ ആശുപത്രിയും മെറ്റേണിറ്റി സെന്ററും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് മെറ്റേണിറ്റി സെന്ററായി സ്ഥാപിച്ച ഡിസ്പെന്‍സറിയാണ് പില്‍ക്കാലത്തു പ്രൈമറി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. ആ കാലഘട്ടത്തില്‍ തന്നെ പഞ്ചായത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടവും നിര്‍മ്മിക്കുകയുണ്ടായി. മെറ്റേണിറ്റി സെന്ററിനു വേണ്ടിയുള്ള സ്ഥലം എം.ഭാസ്കരന്‍നായരും, ആയുര്‍വേദ ആശുപത്രിക്കുവേണ്ടിയുള്ള സ്ഥലം കെ.കേശവപണിക്കരും, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുവേണ്ടിയുള്ള സ്ഥലം പ്രസിഡന്റായിരുന്ന എം.നാരായണന്‍ നായരും കെ.പരമേശ്വരന്‍ നായരും സംഭാവനയായി നല്‍കുകയുണ്ടായി.