സ്ഥാപന ചരിത്രം
ഭൂപ്രകൃതി, കൃഷി
കുന്നും, ചരിവുകളും, താഴ്വരകളും നിറഞ്ഞതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. 21 വാര്‍ഡുകളിലായി 52 കുളങ്ങളുണ്ട്. 27 പ്രധാന തോടുകളുമുണ്ട്. നെയ്യാര്‍ ഇറിഗേഷന്‍ വലതുകര കനാല്‍ വഴി കൊറ്റംപള്ളി, അരുവിക്കര, കുവളശ്ശേരി, എരുത്താവൂര്‍ എന്നീ ഏലാകളില്‍ കനാല്‍വെള്ളം ലഭിക്കുന്നു. നെയ്യാര്‍ അരുവിക്കരവാര്ഡിന്റെ കിഴക്കതിരില്‍ കൂടി ഒഴുകുന്നു. മണലും ചെളിയും കലര്‍ന്ന ഇതിന്റെ തീരപ്രദേശങ്ങളില്‍ തെങ്ങും വാഴയും സമൃദ്ധിയായി വളരുന്നു. ഈ പഞ്ചായത്തിലെ ഏറ്റവും വിശാലമായതും നെല്‍കൃഷി ചെയ്തുവരുന്നതുമായ കരിങ്ങല്‍ പാടശേഖരം ഇന്ന് ആരെയും ഞെട്ടിപ്പിക്കുന്ന തരത്തില്‍ ദീര്‍ഘകാലവിളകളും, ഹ്രസ്വകാലവിളകളും കൊണ്ടുനിറഞ്ഞിരിക്കുന്നു. ഇവിടത്തെ പ്രധാന ദീര്‍ഘകാലവിളകള്‍ റബ്ബര്‍, അല്പീസ്, കമുങ്ങ്, തെങ്ങ് എന്നിവയും ഹ്രസ്വകാലവിളകള്‍ വാഴ, മരച്ചീനി, മലക്കറി, ഇഞ്ചി തുടങ്ങിയവയുമാണ്. കാര്‍ഷികരംഗത്തു വിളകള്‍ക്കുണ്ടായ ഈ മാറ്റം നെല്‍കൃഷിയെ ബാധിച്ചിരിക്കുന്ന വമ്പിച്ച ഭീഷണിയാണ്. നാടുകാണിവനത്തില്‍ നിന്നും ഉത്ഭവിച്ച് കുളത്തുമ്മല്‍ വഴി ഒഴുകുന്ന കുളത്തുമ്മല്ത്തോടും കരിങ്ങല്തോടും പുലിമുട്ടം എന്ന സ്ഥലത്തുവച്ച് ഒന്നായി ചേര്‍ന്നു പഞ്ചായത്തിന്റെ കിഴക്കേയതിര്ത്തിയില്കൂടി ഒഴുകി നെയ്യാറില്‍ പതിക്കുന്നു. മുമ്പു നെല്‍കൃഷിക്കാണ് വമ്പിച്ച പ്രധാന്യം നല്കി വന്നിരുന്നത്. വയലുകളില്‍ മറ്റു ഭാഗങ്ങളില്‍ പയറും കൃഷി ചെയ്തിരുന്നു. വീട്ടിന്റെ അടുത്തായി കൂട്ടിയിരുന്ന വയ്ക്കോല്പന്തല് (വൈക്കോല്‍തുറു) കുടുംബത്തിന്റെ സമൃദ്ധിയുടെ അളവുകോലായി കണക്കാക്കിയിരുന്നു. ഓരോ കര്‍ഷകന്റെ വീട്ടിലും കലപ്പയും ഉഴവുമാടുകളും ഉണ്ടാകും. വയ്ക്കോല് തന്നെയായിരുന്നു കന്നുകാലികള്‍ക്കുള്ള പ്രധാന ആഹാരം. ഏലായുടെ മുകളില്‍ കുളവും ഏലായുടെ വശങ്ങളില് തോടുകളും ഉണ്ടായിരുന്നു. കാവുകളും സര്‍പ്പക്കാവും മറ്റ് എങ്ങും കാണാമായിരുന്നു. കരപ്രദേശങ്ങളില്‍ റബ്ബര്‍ വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയതോടുകൂടി മരച്ചീനികൃഷിയും തെങ്ങുകൃഷിയും കുറഞ്ഞുതുടങ്ങി. അതുകൊണ്ട് പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ല്, പയറ്, ഉഴുന്ന് എന്നിവയും മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചേമ്പ് എന്നീ കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ പെട്ട ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം അനുദിനം കുറഞ്ഞുകൊണ്ടുമിരിക്കുന്നു.
ഗതാഗതം
ഗതാഗതത്തിനു ആവശ്യമായ റോഡുകളും ബസ് സര്‍വ്വീസും ഇല്ലാതിരുന്ന കാലത്ത് ഈ ഗ്രാമത്തിലെ ജനങ്ങള്‍ കോടതി, ആശുപത്രി, സ്കൂള്‍ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നതിന് വളരെയധികം പ്രയാസങ്ങള്‍ നേരിട്ടിരുന്നു. നിര്‍ദ്ധനരായ ആളുകള്‍ കാല്‍നടയായും മറ്റുള്ളവര്‍ വില്ലുവണ്ടി, കുതിരവണ്ടി, കാളവണ്ടി എന്നിവയുമാണ് സാര്‍വ്വത്രികമായി ഉപയോഗിച്ചിരുന്നത്. പ്രഭൂക്കന്മാരായ ആളുകള്‍ പല്ലക്കുയാത്രയും നടത്തിവന്നിരുന്നു. അക്കാലത്ത് ഗതാഗതസൌകര്യങ്ങളുടെ അപര്യാപ്തത മൂലം, കോളറ, മസൂരി, മലമ്പനി തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് തക്കസമയത്ത് ചികിത്സാകേന്ദ്രങ്ങളില്‍ എത്തിക്കാനാകാതിരുന്നതിനാല് ധാരാളമാളുകള്‍ യഥാസമയം ചികിത്സ കിട്ടാതെ മരണപ്പെട്ടിട്ടുണ്ട്. കാലാന്തരത്തില്‍ സാമൂഹ്യപുരോഗതി പല മേഖലകളിലും വന്നതോടൂകൂടി ഗതാഗതരംഗത്തു കാര്യമായ മാറ്റങ്ങള്‍ പില്ക്കാലത്ത് ഉണ്ടായി. 1953-ല്‍ പഞ്ചായത്ത് രൂപീകൃതമായപ്പോള്‍ ഇവിടുത്തെ ഗതാഗതസൌകര്യം തീരെ അപര്യാപ്തമായിരുന്നു. പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന നെയ്യാറ്റിന്‍കര-കാട്ടാക്കട റോഡ് തിരുവനന്തപുരത്തേക്കുള്ള റോഡ് എന്നിവയില്‍കൂടി മാത്രമേ ബസ് സര്‍വ്വീസ് ഉണ്ടായിരുന്നുള്ളൂ. പി.ഡബ്ളിയൂ.ഡി റോഡുകളായിരുന്നു ഇവയെല്ലാം. കെ.എം.എസ്, മോര്‍ണിംഗ് സ്റ്റാര്‍, എം.വി മോട്ടോര്‍സ് എന്നിവയായിരുന്നു ആദ്യകാലങ്ങളില്‍ സര്‍വ്വീസ് നടത്തിവന്നത്. ആദ്യകാലങ്ങളില്‍ കരിഗ്യാസ് ബസ്സായിരുന്നു ഉപയോഗിച്ചിരുന്നത്. കാലക്രമേണ പെട്രോള്‍ ഉപയോഗിച്ചു തുടങ്ങി. 1960-ല്‍ ട്രാന്‍സ്പോര്‍ട്ടു ദേശസാല്ക്കരിച്ചതോടുകൂടി സര്‍ക്കാര്‍ ബസ് ഓടിത്തുടങ്ങി. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ബസ് സര്‍വ്വീസ് ആരംഭിച്ച കാലഘട്ടത്തില്‍ ആവശ്യാനുസരണം സര്‍വ്വീസ് ഉണ്ടായിരുന്നില്ല. 1975-ല്‍ കാട്ടാക്കട ഡിപ്പോ വന്നതിനുശേഷമാണ് ഈ പ്രദേശത്തെ യാത്രാക്ലേശത്തിന് നേരിയ പുരോഗതി ഉണ്ടായത്. പഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും റോഡുകള്‍ ഉണ്ടായിരുന്നില്ല. അന്നുണ്ടായിരുന്നത് ആറടിപ്പാതകളായിരുന്നു